കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി; മൂന്നിടങ്ങളിൽ ബോംബ് വെച്ചതായി സന്ദേശം
കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.23നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. മെഡിക്കൽ കോളേജിലെ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വെച്ചെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്.
പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും എത്തി വിശദമായ പരിശോധന നടത്തി. സന്ദേശത്തിൽ പറഞ്ഞത് പ്രകാരം അത്യാഹിത വിഭാഗത്തിലും പാർക്കിംഗ് ഏരിയയിലുമാണ് വിശദമായ പരിശോധന നടന്നത്. മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐഡിയിൽ നിന്നാണ് സന്ദേശം വന്നത്.
ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കണമെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന തൊഴിൽ ചൂഷണം പരിഹരിക്കണമെന്ന ആവശ്യവും സന്ദേശത്തിലുണ്ടായിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധനയിൽ ഒന്നും കണ്ടെത്താൻ ആയിട്ടില്ലെന്നും പോലീസ് അറിയിച്ചു
