ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്; സ്ഥിരീകരിച്ച് ബിനാലെ ചെയർമാൻ
കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ചിത്രകാരൻ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടർന്നെന്ന് സ്ഥിരീകരണം. ബോസിന്റെ കീഴിൽ ലഭിച്ചിരുന്ന യുവതിയുടെ പരാതി ഇന്റേണൽ കമ്മിറ്റിക്ക് ലഭിച്ചിരുന്നു. പിന്നാലെ പോഷ് നിയമപ്രകാരം രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിനാലെ ചെയർപേഴ്‌സൺ വി വേണു പറഞ്ഞു
കുടുംബപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നായിരുന്നു ബോസ് കൃഷ്ണമാചാരി നേരത്തെ പറഞ്ഞിരുന്നത്. കൊച്ചി മുസരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളാണ് ചിത്രകാരൻ ബോസ് കൃഷ്ണമാചാരി. വർഷങ്ങളായി ബിനാലെയുടെ മുഖമായി മാറിയ ഒരാൾക്കെതിരെയാണ് ലൈംഗികാരോപണം ഉയർന്നത്
ബോസിന് കീഴിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതി നൽകിയത്. ജോലിയുടെ ഭാഗമെന്ന് പറഞ്ഞ് ഫോർട്ട് കൊച്ചിയിലെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു എന്നുമാണ് പരാതി. ജനുവരി 14നാണ് ബോസ് രാജിവെച്ചത്.
