ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും ഉറപ്പാക്കേണ്ട വിദ്യാലയങ്ങളിൽ ആൺകുട്ടികളുടെ മുടിയുടെ നീളം അളന്ന് ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അവകാശ ലംഘനവുമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
സ്കൂളുകളിൽ ആൺകുട്ടികൾക്ക് നിശ്ചിത രീതിയിൽ മാത്രമേ മുടി മുറിക്കാവൂ എന്ന് നിർബന്ധിക്കുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. മുടി വളർത്തിയതിന്റെ പേരിൽ കുട്ടികളെ ക്ലാസിനു പുറത്തുനിർത്തുക, അപമാനിക്കുക, പരീക്ഷ എഴുതിക്കാതിരിക്കുക അല്ലെങ്കിൽ നിർബന്ധിച്ച് മുടി മുറിക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണം.
വിദ്യാലയങ്ങളിൽ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അത് കുട്ടികളുടെ മൗലികാവകാശങ്ങളെയും മാനസികാരോഗ്യത്തെയും ഹനിക്കുന്ന രീതിയിലാകരുത്. കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരണവും മുടി പരിപാലനവും ശീലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനും ബന്ധപ്പെട്ട അധികൃതർക്കും കമ്മീഷൻ നിർദേശം നൽകി.
