കൂട്ടായ പരിശ്രമത്തിലാണ് ബ്രഹ്മപുരത്തെ തീയണച്ചത്; എല്ലാവർക്കും അഭിനന്ദനമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിൽ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന നടത്തി. മാർച്ച് 13 ന് ബ്രഹ്മപുരത്തെ പുക പൂർണമായും കെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 32 ഫയർ ഫോഴ്‌സ് യൂണിറ്റ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് തീ അണച്ചത്. പങ്കെടുത്ത മുഴുവൻ പേരെയും അഭിനന്ദിക്കുന്നു. മാർച്ച് 3 ന് കൺട്രോൾ റൂം തുറന്നു. പ്രവർത്തനങ്ങൾ മന്ത്രിതലത്തിൽ ഏകോപിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. 

ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തീ അണയ്ക്കുന്നതിൽ ആദ്യഘട്ടത്തിൽ പലവിധ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എല്ലാം പെട്ടെന്ന് പരിഹരിച്ചു. മാലിന്യം ഇളക്കി മറിച്ച ശേഷം വെള്ളം പാമ്പ് ചെയ്യുന്ന രീതിയാണ് ബ്രഹ്മപുരത്ത് അവലംബിച്ചത്. ഏതു സാഹചര്യത്തെയും നേരിടാനുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു. വായു ഗുണനിലവാരം നിരന്തരം വിലയിരുത്തി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ആർക്കും ഉണ്ടായില്ല. അശാസ്ത്രീയ മാലിന്യ സംസ്‌കരണമാണ് മുൻകാലത്ത് ബ്രഹ്മപുരത്ത് നടന്നുവന്നിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ഏജൻസികളും 250 ഓളം ഫയർ ആൻഡ് റസ്‌ക്യു ജീവനക്കാരും രണ്ട് ഷിഫ്റ്റുകളിലായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. 32 ഫയർ യൂണിറ്റുകൾ, നിരവധി ഹിറ്റാച്ചികൾ, ഉയർന്ന ശേഷിയുള്ള മോട്ടോർ പമ്പുകൾ എന്നിവ ഇതിനായി ഉപയോഗിച്ചു. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണക്കാൻ സാധിച്ചത്. ഈ പ്രവർത്തനത്തിൽ പങ്കാളികളായ ഫയർ ആൻഡ് റസ്‌ക്യൂ സർവീസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ്, പോലീസ്, കൊച്ചി കോർപറേഷൻ എന്നിവയിലെ ജീവനക്കാർ തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Share this story