കഴക്കൂട്ടത്ത് നവവധുവിന് ക്രൂര മർദനം, ഗുരുതര പരുക്ക്; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് നവവധുവിന് ക്രൂര മർദനം. യുവതിയെ മർദിച്ച് വാരിയെല്ലും കാലിന്റെ മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസിൽ ഭർത്താവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്(28) അറസ്റ്റ് ചെയ്തത്. മർദനമേറ്റ ചെങ്കോട്ടുകോണം സ്വദേശിനി അറഫ നജ്മുദ്ദീൻ(22) ചികിത്സയിലാണ്
ജനുവരി 25നായിരുന്നു ഇവരുടെ വിവാഹം. രണ്ടാഴ്ച കഴിയുമ്പോൾ തന്നെ അറഫയെ ആസിഫ് മർദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈലിൽ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായിട്ടായിരുന്നു മർദനം
മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും വലതു കാൽമുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണ് പരാതി. കുപ്പി കൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലത് കാൽമുട്ടിനും ഗുരുതര പരുക്കുണ്ട്.
