വയനാട് ജില്ലയുടെ സമഗ്രവികസനത്തിൽ എല്ലാവിധ പിന്തുണയും നൽകുന്ന ബജറ്റ്; പി ഗഗാറിൻ

വയനാട് ജില്ലയുടെ സമഗ്രവികസനത്തിൽ എല്ലാവിധ പിന്തുണയും നൽകുന്ന ബജറ്റ്; പി ഗഗാറിൻ

കോവിഡാനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റാണ് ധനമന്ത്രി സ. ടി എം തോമസ് ഐസക്ക് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. കോവിഡ് ആഘാതത്തിൽ നിന്ന് പൂർണമായും മുക്തി നേടുന്നതിനായി എല്ലാവരെയും ചേർത്തുപിടിച്ചുള്ള ഈ ബജറ്റ് കേരളത്തെ ‘നമ്പർ 1’ ആയിത്തന്നെ മുന്നോട്ടുനയിക്കും. പുതിയ തൊഴിലുകൾക്കായുള്ള അവസരങ്ങൾ നിരവധി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനൊപ്പം പെൻഷൻ തുക വർധിപ്പിച്ചു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള മുന്നൊരുക്കമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ടൂറിസം മേഖലക്കും തൊഴിലുറപ്പിനും ഉൾപ്പെടെ സർവതലങ്ങളും ബജറ്റ് സ്പർശിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കേരള ബദലാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാം സ്വകാര്യമേഖലക്ക് എഴുതിക്കൊടുക്കുന്ന കേന്ദ്രസർക്കാർ രാജ്യം ഭരിക്കുമ്പോൾ പൊതുമേഖലയെ ചേർത്തുപിടിച്ചുകൊണ്ട് നവകേരളത്തിലേക്കുള്ള പടികൾ കയറുകയാണ് കേരളം, ഗഗാറിൻ ചൂണ്ടിക്കാട്ടി.

വയനാട് ജില്ലയുടെ സമഗ്രവികസനത്തിലും എല്ലാവിധ പിന്തുണയും നൽകുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. നമ്മുടെ ദീർഘകാല അഭിലാഷമാണ് മെഡിക്കൽ കോളേജ് എന്നത്. 2021-22 ൽ അത് യാഥാർത്ഥ്യമാകും. കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിച്ചു. പുതിയ മെഡിക്കൽ കോളേജിന്റെ ഭാഗമായി സിക്കിൾസെൽ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിനുവേണ്ടി ഹീമോ ഗ്ലോബിനോപ്പതി റിസർച്ച് & കെയർ സെന്റർ സ്ഥാപിക്കുന്നതാണ്. ഇപ്പോൾ ബ്രാന്റഡ് കാപ്പിപ്പൊടിയുടെ 10 ശതമാനമാണ് കുരുവിന്റെ വിലയായി കാപ്പി കൃഷിക്കാർക്ക് ലഭിക്കുന്നത്. കാപ്പിപ്പൊടി ബ്രാന്റ് ചെയ്തു വിൽക്കുന്നതിന്റെ ഭാഗമായി മൂന്നോ നാലോ വർഷംകൊണ്ട് ഈ അനുപാതം ഗണ്യമായി ഉയർത്താൻ കഴിഞ്ഞാൽ ജില്ലയിലെ കൃഷിക്കാരുടെ പ്രതിസന്ധി പരിഹരിക്കാനാവും. കാപ്പി ബ്രാന്റ് ചെയ്യുന്നതിന് കാർബൺ ന്യൂട്രൽ പദ്ധതി ജില്ലയെ സഹായിക്കും. ഇപ്പോൾ ജില്ലയിലെ കാർബൺ എമിഷൻ 15 ലക്ഷം ടണ്ണാണ്. ഇതിൽ 13 ലക്ഷം ടൺ കാർബൺ ആഗീരണം ചെയ്യാൻ നിലവിലുള്ള മരങ്ങൾക്കു കഴിയും. പഞ്ചായത്തുകൾ കാർബൺ കുറയ്ക്കുന്നതിനുള്ള പ്രോജക്ടുകൾ ഏറ്റെടുക്കണം. ഇതിന് 6500 ഹെക്ടർ ഭൂമിയിൽ മുളയും 70ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് മീനങ്ങാടി മാതൃകയിൽ ട്രീ ബാങ്കിംഗ് നടപ്പിലാക്കാം. മരം വച്ചുപിടിപ്പിക്കുന്ന കൃഷിക്കാർക്ക് മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയെന്ന അടിസ്ഥാനത്തിൽ ആന്വിറ്റി വായ്പയായി നൽകുന്നതാണ് പദ്ധതി. കിഫ്ബിയുടെ ഗ്രീൻ ബോണ്ടുകളിൽ നിന്നും ഇത്തരത്തിൽ വായ്പ നൽകുന്നതിന് ബാങ്കുകൾക്ക് ധനസഹായം നൽകാൻ കഴിയും. ജൈവവൈവിധ്യം ഇക്കോ ടൂറിസത്തിനും സഹായകരമാണ്. അതുപോലെ തന്നെ പഴവർഗ്ഗ സംസ്‌കരണ വ്യവസായങ്ങൾക്കും വഴിയൊരുക്കും.

വാർഷിക പദ്ധതിയിൽപ്പെടുത്തി വയനാട് ജില്ലയ്ക്ക് 100 കോടിയിൽപ്പരം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികവർഗ്ഗ സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി റ്റിഎസ്പിയിൽ നിന്നും 25 കോടി രൂപ ചെലവഴിക്കും. കിഫ്ബിയിൽ നിന്നും വിവിധ പദ്ധതികൾക്കായി 941 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുരങ്കപ്പാതയുടെ പാരിസ്ഥിതിക വിലയിരുത്തൽ നടക്കുകയാണ്. വയനാട് – ബന്ധിപ്പൂർ എലിവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാൽ അതിന്റെ ചെലവിൽ ഒരുഭാഗം കേരളം വഹിക്കാമെന്നു ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്നും 286 കോടി രൂപയുടെ പ്രവൃത്തികളാണ് ജില്ലയിൽ നടക്കുന്നത്. റീ-ബിൽഡിൽ നിന്നും 255 കോടി രൂപ ചെലവഴിക്കും. ട്രൈബൽ കുട്ടികളുടെ സൗകര്യാർത്ഥം ജില്ലയിൽ പഴശ്ശി ട്രൈബൽ കോളേജ് ആരംഭിക്കും. ഇവയെല്ലാം ഈ ബജറ്റോടെ വയനാട്ടിൽ യാഥാർത്ഥ്യമാകുകയാണ്.

Share this story