സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: കച്ചേരിപ്പടിക്ക് സമീപം സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ദീപു കുമാറാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്‌ത ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അപകടം നടന്നതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജങ്ഷനില്‍ രാവിലെ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ വൈപ്പിന്‍ സ്വദേശി ആന്‍റണി(46)യാണ് മരിച്ചത്. ബസ് ഇടിച്ചതിനെ തുടര്‍ന്ന് ആന്‍റണി വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചിരുന്നു.
അതേസമയം അപകടത്തിനെതിരെ ഹൈക്കോടതി ഇടപെട്ടിരുന്നു. സിസിടിവി ദൃശങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി ഇനി ഒരു ജീവനും നഷ്ടമാകരുതെന്ന് നിർദേശിച്ചു. ഇത്തരം സംഭവത്തിൽ എന്തുകൊണ്ടാണ് കർശന നടപടി സ്വീകരിക്കാത്തതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഓവർടേക്കിങ് പാടില്ലെന്ന് കർശന നിർദേശം കൊടുത്തിട്ടുണ്ടെന്ന് ഡിസിപി അറിയിച്ചു.