പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്നാലെ പാഞ്ഞതോടെ വഴിയിൽ ഉപേക്ഷിച്ച് മോഷ്ടാവ് മുങ്ങി

KS Pala

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോ പരിസരത്തു നിന്നും കെഎസ്ആർടിസി ഓർഡിനറി ബസ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമം. ഞായറാഴ്ച പുലർച്ചെ 2.50 ഓടെയായിരുന്നു ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അജ്ഞാതൻ ബസ് എടുത്തു കൊണ്ടുപോയത്. എന്നാൽ കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം മണിക്കൂറുകൾക്കകം തന്നെ ബസ് തിരികെ കണ്ടെത്താനായി.

​ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബസാണ് അജ്ഞാതൻ സ്റ്റാർട്ട് ചെയ്ത് എടുത്തു കൊണ്ടുപോയത്. പുലർച്ചെ അഞ്ച് മണിയോടെ തങ്ങളുടെ ഷെഡ്യൂൾ ബസ് നിർത്തിയിട്ടിരുന്ന സ്ഥലത്ത് കാണാനില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബസ് മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞു.

​ഒട്ടും സമയം കളയാതെ കെഎസ്ആർടിസി ജീവനക്കാർ സംഘടിക്കുകയും മറ്റ് വാഹനങ്ങളിൽ ബസിനെ പിന്തുടർന്ന് നഗരത്തിൽ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ജീവനക്കാർ തനിക്ക് തൊട്ടുപിന്നാലെ തന്നെയുണ്ടെന്ന് മനസ്സിലാക്കിയതോടെ പിടിയിലാകുമെന്ന് ഭയന്ന മോഷ്ടാവ് ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള മംഗളം ടവറിന് സമീപം റോഡരികിൽ ബസ് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

​സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഡിപ്പോ പരിസരത്തെത്തിയത് ഈ ബസ് തന്നെ മോഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണോ അതോ മറ്റ് വല്ല ഉദ്ദേശ്യങ്ങളുമായാണോ ബസ് എടുത്തുകൊണ്ടുപോയത് എന്നതടക്കമുള്ള എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിപ്പോ പരിസരത്തെയും ബസ് ഉപേക്ഷിച്ചുപോയ മംഗളം ടവർ ഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ ഉടൻ തന്നെ തിരിച്ചറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Tags

Share this story