കുടിവെള്ളം കിട്ടാനില്ല: തോക്കുമായി എത്തി മിനി സിവിൽ സ്‌റ്റേഷൻ ജീവനക്കാരെ പൂട്ടിയിട്ട് യുവാവ്

gun

കുടിവെള്ളം കിട്ടാനില്ലെന്നാരോപിച്ച് വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷനിൽ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസിൽ പൂട്ടിയിട്ടു. വെങ്ങാനൂർ സ്വദേശി മുരുകനാണ് എയർഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. പല തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവാവ് ആരോപിച്ചു. രണ്ട് വർഷമായി കനാൽ വെള്ളം ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പെടെ ബുദ്ധിമുട്ടിലാണെന്ന് യുവാവ് പറയുന്നു.

മിനി സിവിൽ സ്റ്റേഷൻ പരിസരത്തെത്തിയ യുവാവ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് ഗേറ്റ് പൂട്ടി. ഇതോടെ ജീവനക്കാരും ഓഫീസിലെത്തിയവരും മണിക്കൂറുകളോളം ഭീതിയിലായി.സംഭവം അറിഞ്ഞ ഉടനെ ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അരയിൽ നിന്ന് എയർ ഗൺ പിടിച്ചെടുക്കുകയും ചെയ്തു.
 

Share this story