പിണങ്ങിയ യുവതിയുടെ മതിപ്പ് നേടാൻ വാഹനാപകട നാടകം; ഒടുവിൽ യുവാവും സുഹൃത്തും അറസ്റ്റിൽ
പിണങ്ങിയ പെൺസുഹൃത്തിനെ പ്രീതിപ്പെടുത്താൻ വാഹനാപകടം കൃത്രിമമായി സൃഷ്ടിച്ച് രക്ഷകനായി എത്തി മതിപ്പ് നേടാൻ ശ്രമിച്ച യുവാവിനെതിരെ കേസ്. യുവതിയെ ഇടിച്ചിട്ട് പോയ കാർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. വാഹനാപകട കേസ് ഇതോടെ നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു
കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ(24), രണ്ടാം പ്രതി കോന്നി പയ്യനാമൺ സ്വദേശി അജാസ്(19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 23ന് വൈകിട്ട് സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ വാഴമുട്ടം ഈസ്റ്റിൽ വെച്ച് അജാസ് കാറിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു
തൊട്ടുപിന്നാലെ മറ്റൊരു കാറിലെത്തിയ രഞ്ജിത്ത് രക്ഷാപ്രവർത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. താൻ യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അപകടത്തിൽ യുവതിയുടെ കൈക്കുഴ തെറ്റുകയും ചെറുവിരലിന് പൊട്ടലുണ്ടാകുകയും ചെയ്തു.
