ലഹരിക്കേസ് പ്രതിയെ തിരഞ്ഞ് പോകുന്നതിനിടെ വാഹനാപകടം; പോലീസുദ്യോഗസ്ഥൻ മരിച്ചു

sajeesh

ലഹരിമരുന്ന് കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിച്ച് പോകുന്നതിനിടെ കാസർകോട് ചെങ്കള നാലാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പോലീസുദ്യോഗസ്ഥൻ മരിച്ചു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ബേക്കൽ ഡി വൈ എസ് പിയുടെ ഡാൻസാഫ് സ്‌ക്വാഡിൽ പ്രവർത്തിക്കുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ സജീഷാണ്(40) മരിച്ചത്. 

ചെറുവത്തൂർ മയിച്ച സ്വദേശിയാണ് സജീഷ്. കാർ ഓടിച്ചിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സുഭാഷ് ചന്ദ്രനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ചെർക്കള ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് ഇവരെ ഇടിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും സജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. സുഭാഷ് ചന്ദ്രൻ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്

വ്യാഴാഴ്ച നാലരയോടെ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും പോലീസ് പിടികൂടിയിരുന്നു. ചട്ടഞ്ചാൽ സ്വദേശി അഹമ്മദ് കബീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടാം പ്രതിയായ കണ്ണൂർ സ്വദേശി ഡോക്ടർ മുഹമ്മദ് മുനീർ രക്ഷപ്പെട്ടു. ഇയാൾ കാസർകോട് ഭാഗത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അന്വഷിച്ച് പോകുന്നതിനിടെയാണ് അപകടം.
 

Tags

Share this story