കാർ ഓട്ടോയിൽ ഇടിച്ചു; കൂട്ടയിടിയിൽ അപകടത്തിൽപ്പെട്ടത് ഏഴ് വാഹനങ്ങൾ
കാഞ്ഞിരപ്പള്ളി: ചോറ്റിയിൽ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാർ മനപ്പൂർവം അപകടം സൃഷ്ടിച്ചതാണെന്ന് സൂചന. ഇന്നലെ രാവിലെ 8.15ന് ചോറ്റി കവലയിലാണ് അപകടമുണ്ടായത്. മുണ്ടക്കയം ഭാഗത്തുനിന്നും എത്തിയ കാർ ആദ്യം ഒരു വാഹനത്തിൽ ഇടിക്കുകയും പിന്നാലെ എത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയും ആയിരുന്നു. ഏഴോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
അഞ്ചു കാറുകളും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വഴിയാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 8 പേരെ 26ാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും, രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് ആളുകൾക്ക് സാരമായി പരുക്കേറ്റുണ്ട്. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും, തുടർന്ന് കൂട്ടയിടി നടക്കുകയുമായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.
