തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറി പിടിച്ചു: ബിജെപി പ്രവർത്തകനെതിരെ കേസ്
Nov 22, 2025, 16:47 IST
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിക്കൊപ്പം പര്യടനം നടത്തുന്നതിനിടയിൽ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ പര്യടനത്തിനിടെയാണ് ബിജെപി പ്രവർത്തകൻ രാജു ആണ് വീട്ടമ്മയെ കയറി പിടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വീട്ടിലേക്ക് വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. ഇന്നലെ വൈകിട്ട് 3.30ഓടെ സ്ഥാനാർഥിയോടൊപ്പം എത്തിയ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടമ്മ വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ രാജു പിന്നാലെ ചെന്നു വീട്ടമ്മയെ കയറിപ്പിടിച്ചുവെന്നാണ് പരാതി.
വീട്ടമ്മ അലറി വിളിച്ചതോടെ രാജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടമ്മ മംഗലപുരം പോലീസിൽ പരാതി നൽകി. കേസ് എടുത്തതോടെ രാജു ഒളിവിൽ പോയെന്നാണ് വിവരം.
