യുഡിഎഫ് സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്ര രേഖകൾ; മുൻ ഇടത് സർക്കാർ കൈപ്പറ്റിയത് പിഎം ശ്രീ ഫണ്ടല്ല: എസ്എസ്കെ വിഹിതം

PM Sheree Mi

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ നിന്നും ഫണ്ട് കൈപ്പറ്റിയിരുന്നു എന്ന യുഡിഎഫ് സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും ആരോപണം പൂർണ്ണമായും തള്ളി കേന്ദ്ര രേഖകൾ പുറത്ത്. മുൻ ഇടത് സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച 99.27 കോടി രൂപ (ചില രേഖകളിൽ 92.41 കോടി) പിഎം ശ്രീ പദ്ധതിക്കുള്ളതല്ലെന്നും, അത് സമഗ്രശിക്ഷാ കേരള (SSK) പദ്ധതിക്ക് സംസ്ഥാനത്തിന് ലഭിക്കേണ്ട മുൻവർഷങ്ങളിലെ വിഹിതമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.

​പിഎം ശ്രീ പദ്ധതിക്ക് വേണ്ടി മുൻ സർക്കാർ പണം വാങ്ങിയെന്ന് നിലവിലെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആവർത്തിച്ചിരുന്നു. എന്നാൽ പദ്ധതിക്കായി ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും യുഡിഎഫ് സർക്കാർ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നുമുള്ള മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാദങ്ങൾക്ക് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവന്ന കേന്ദ്ര രേഖകൾ.

കേന്ദ്ര ഡാഷ്‌ബോർഡ് വ്യക്തമാക്കുന്നത്:

പിഎം ശ്രീ പദ്ധതി പ്രകാരം കേരളത്തിന് ഫണ്ട് അനുവദിക്കണമെങ്കിൽ സ്കൂളുകൾ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള പ്രാരംഭ നടപടികൾ സംസ്ഥാനം പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം (NEP) അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് സർക്കാർ തുടർനടപടികൾ മരവിപ്പിക്കുകയായിരുന്നു. പദ്ധതി ആരംഭിക്കുക പോലും ചെയ്യാത്തതിനാൽ കേരളത്തിന് ഇതിനായി പണം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ ഡാഷ്‌ബോർഡിലും വ്യക്തമാണ്.

 

​കേന്ദ്ര സർക്കാർ റൈറ്റ് ടു എഡ്യൂക്കേഷൻ (RTE) ഇനത്തിൽ സംസ്ഥാനത്തിന് നൽകാനുണ്ടായിരുന്ന കുടിശ്ശികയാണ് സമഗ്രശിക്ഷാ കേരളയുടെ അക്കൗണ്ടിലേക്ക് ക്രമീകരിച്ചു നൽകിയത്. ഈ തുകയെയാണ് പിഎം ശ്രീ ഫണ്ടായി ചിത്രീകരിച്ച് യുഡിഎഫ് രംഗത്തെത്തിയത്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിയെ കടുത്ത ഭാഷയിൽ എതിർത്ത യുഡിഎഫ്, ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ പദ്ധതി നടപ്പിലാക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന വിമർശനം ഇതിനകം ശക്തമായിട്ടുണ്ട്. നിലവിൽ പുതിയ യുഡിഎഫ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് ഈ പുതിയ രേഖകൾ പുറത്തുവന്നിരിക്കുന്നത്.

Tags

Share this story