കേന്ദ്രനടപടി അംഗീകരിക്കില്ല: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

അന്താരാഷ്ട്ര ചലചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 19 സിനിമകൾക്കാണ് ഇത്തവണ ഐഎഫ്എഫ്‌കെയിൽ പ്രദർശനാനുമതി നിഷേധിച്ചത്. 

30ാമത് കേരള രാജ്യാന്തര ചലചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാകില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗാവിഷ്‌കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലചിത്രമേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രിക വെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിലക്കിയ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലചിത്ര അക്കാദമിക്ക് നിർദേശം നൽകി. പലസ്തീനിൽ നിന്നുള്ള ചിത്രങ്ങളടക്കമാണ് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. ഇതോടെ ചലചിത്രോത്സവം പ്രതിസന്ധിയിലായിരുന്നു.
 

Tags

Share this story