കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ ക്രൂരത; പ്രതിഷേധമുയർത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യഗ്രഹം നാളെ
സംസ്ഥാനത്തിന്റെ അവകാശങ്ങളെയടക്കം പാടെ അവഗണിച്ചുള്ള കേന്ദ്ര സർക്കാർ ദ്രോഹങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സത്യാഗ്രഹം നാളെ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഇടത് മുന്നണി ഘടകകക്ഷികളുമടക്കം വൻജനാവലി സത്യാഗ്രഹത്തിൽ അണിനിരക്കും.
മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികൾക്കൊപ്പം വര്‍ഗബഹുജന സംഘടനകളും പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രത്തിനെതിരയുള്ള സത്യാഗ്രഹ സമരം അരങ്ങേറുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2024ൽ ഡൽഹിയിൽ നടത്തിയ സമരത്തിന്‍റെ തുടർച്ചയാണിത്.
സംസ്ഥാനത്തിനുള്ള നികുതിവിഹിതം നിഷേധിച്ചും ഗ്രാന്റ് തടഞ്ഞും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും വികസനം നിരാകരിച്ചുമുള്ള കേന്ദ്രദ്രോഹത്തിനെതിരെ ദില്ലിയിൽ 2024 ഫെബ്രുവരിയിൽ കേരളം നടത്തിയ ഐതിഹാസിക സമരം ദേശീയതലത്തിൽ ചർച്ചയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമൊപ്പം ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ, ജമ്മു–കശ്‌മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള, മുൻ കേന്ദ്രമന്ത്രിയും സമാജ്‌വാദി രാജ്യസഭാംഗവുമായ കപിൽ സിബൽ, സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ലോക്‌സഭാംഗവും വിസികെ പ്രസിഡന്റുമായ തോൾ തിരുമാവളവൻ, ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ പളനിവേൽ ത്യാഗരാജ് തുടങ്ങിയ നേതാക്കൾ പ്രക്ഷോഭത്തിൽ പങ്കാളികളായിരുന്നു.
