കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്
കേരളത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നത് അടക്കം കേന്ദ്ര നടപടിക്കെതിരെ ഡൽഹി സമരത്തിന് സിപിഎം തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പിന്തുണയും മുഖ്യമന്ത്രി അഭ്യർഥിക്കും. 

സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പ് പരിധി ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 5600 കോടി രൂപയാണ് ഈയിനത്തിൽ വെട്ടിക്കുറച്ചത്. ഈ വർഷം കേരളത്തിന്റെ ആകെ കടമെടുപ്പ് അനുവാദം 45,689.61 കോടി രൂപയായിരുന്നു. ഇതിൽ 32,442 കോടി പൊതുവിപണിയിൽ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വർഷത്തിന്റെ ആദ്യം കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നു. 14,400 കോടിയുടെ കടം നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്നാണ്.

ഡിസംബർ വരെ പൊതുവിപണിയിൽ നിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിനും അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പിനാണ് സംസ്ഥാനം അനുമതിയാണ് തേടിയത്. എന്നാൽ അനുവദിച്ചതാകട്ടെ 1838 കോടി രൂപ മാത്രവും.
 

Share this story