വിസി നിയമന അധികാരം ചാൻസലർക്ക്; വിസിയെ കോടതിക്ക് തീരുമാനിക്കാം എന്നത് ശരിയല്ല: സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ
ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീംകോടതി നിയമിക്കുമെന്ന ഉത്തരവിനെതിരെ ഗവർണർ. വിസി നിയമന അധികാരം ചാൻസലർക്ക് ആണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. യുജിസി ചട്ടം ഇത് വ്യക്തമാക്കുന്നുണ്ടെന്ന് പറഞ്ഞ ഗവർണർ വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല എന്നും പറഞ്ഞു.
ഗവർണർക്ക് കനത്ത തിരിച്ചടി നൽകുന്നതായിരുന്നു സ്ഥിരം വിസിമാരെ സുപ്രീംകോടതി നിയമിക്കുമെന്ന ഉത്തരവ്. സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ പരിഹാരമാകാത്ത സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി ഇത്തരമൊരു ഉത്തരവുമായി എത്തിയത്. മുഖ്യമന്ത്രിയും ചാൻസിലറും തമ്മിൽ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്നും കോടതി വിമർശനം ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിക്കും ചാൻസിലറിനും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദൂലിയ കമ്മിറ്റിയാണ് നിയമനത്തിനായുള്ള പേരുകൾ തെരഞ്ഞെടുതത്. നിർഭാഗ്യവശാൽ നിയമനം ഉണ്ടായില്ല. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയോട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയുടെ കത്തും ചാൻസിലറുടെ മറുപടിയും പരിശോധിക്കാൻ കോടതി അറിയിച്ചു. അതിന് ശേഷം രണ്ട് സർവ്വകലാശാലകളിലേക്കുമായി ഓരോ പേര് വീതം നിർദേശിക്കാൻ കോടതി നിർദേശം നൽകി.
