ഈ വർഷം വിപണിയിൽ വരാനിരിക്കുന്നത് മാറ്റങ്ങളും അവസരങ്ങളും: സുമിത് അഗർവാൾ

Ke

കൊച്ചി: പുതുവർഷവും പൊതു തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യവും ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് പുതിയ അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണെന്ന് മുൻനിര നിക്ഷേപ കമ്പനിയായ ബന്ധൻ എഎംസി സീനിയർ വൈസ് പ്രസിഡന്റ് സുമിത് അഗർവാൾ പറഞ്ഞു. പുതിയ വർഷം രണ്ടു മാസം പിന്നിടുമ്പോൾ മിഡ് കാപ്, സ്മോൾ കാപ് ഫണ്ടുകൾ മികച്ച പ്രകടനം തുടരുകയാണ്. ലാർജ് കാപ് ഫണ്ടുകളും വരും മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ശുഭാപ്തി വിശ്വാസവും വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. 

സൂക്ഷ്മമായി പരിശോധിച്ചാൽ, ഓട്ടോ, ഫാർമ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രതീക്ഷ വർധിക്കുന്ന പ്രവണതയാണുള്ളത്. ഓട്ടോ രംഗത്ത് പ്രത്യേകിച്ച് ഇരുചക്ര വാഹന വിപണി ദീർഘകാലമായി സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ഗ്രാമീണ മേഖലകളിലെ ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെ പ്രതീക്ഷയ്ക്ക് വകയുണ്ട്. അടുത്ത രണ്ടോ മൂന്നോ പാദങ്ങളിൽ ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിൽ പടിപടിയായുള്ള വളർച്ച കാണാമെന്നും സുമിത് അഗർവാൾ പറയുന്നു. 

ആരോഗ്യ മേഖലയെടുത്താൽ, നിഫ്റ്റി 100, ബിഎസ്ഇ 100 സൂചികകളിൽ പൊതുവെ 4-4.5 ശതമാനമാണ് ഫാർമ കമ്പനികൾ. ഇവയിൽ ചില കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുകയും ആരോഗ്യകരമായ മാർജിൻ നേടുകയും ചെയ്യുന്നു. ബിഎസ്ഇ 100 സൂചികയിൽ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് വലിയ സാന്നിധ്യമില്ലെങ്കിലും ഭാവിയിൽ പ്രതീക്ഷ നൽകുന്ന ഘടകങ്ങളുണ്ട്. നിലവിൽ, 10-15 വർഷത്തെ ഉയർച്ചയിലാണ് ഈ മേഖല. കോവിഡിന് ശേഷമുള്ള വിൽപ്പന കുതിച്ചുയരുകയാണ്. ഉയർന്ന പലിശ നിരക്ക് ഉണ്ടായിട്ടും ഡിമാൻഡ് ശക്തമായി തുടരുന്നു. റിയൽ എസ്റ്റേറ്റ് മേഖല ഒരു കുതിപ്പിന് ഒരുങ്ങുന്നു എന്നാണ് ഈ പ്രകടനം സൂചിപ്പിക്കുന്നത്. 

2024ൽ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന സാമ്പത്തിക രംഗത്ത് നിക്ഷേപകർക്ക് വെല്ലുവിളികളും അവസരങ്ങളുമുണ്ട്. ഓട്ടോ, ഫാർമ, റിയൽ എസ്റ്റേറ്റ് മേഖലകൾ വളർച്ചയുടെ സൂചനകൾ കാണിക്കുന്നതിനാൽ, നഷ്ട സാധ്യത ലഘൂകരിക്കുന്നതിനൊപ്പം ഈ മേഖലകൾക്ക് ഊന്നൽ നൽകുന്ന ഒരു  സന്തുലിത പോർട്ട്ഫോളിയോ മാനേജ്മെന്റ് ആണ് വിവേകപൂർണമായ ചുവട് എന്നും സുമിത് അഗർവാൾ നിരീക്ഷിക്കുന്നു.

Share this story