എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് ചെന്നിത്തല

Chennithala

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാകില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവെക്കുന്നു. സർക്കാർ ഒളിപ്പിച്ച രേഖകൾ ഞങ്ങൾ പുറത്തുവിടുന്നു. ടെൻഡർ നടപടിയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.  ഊരാളുങ്കൽ അടക്കമുള്ള കമ്പനികൾ ഉപകരാർ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരിൽ നിന്ന് കിട്ടുന്ന പർച്ചേസ് ഓർഡറും കമ്മീഷനും കിട്ടുന്നത് ഇതേ കമ്പനിക്ക് നത്‌നെയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിൽ മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ എന്നും സതീശൻ ആവർത്തിച്ചു

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ പടിവാതിലിലാണ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് ഭീതിയും ഭയവുമാണ്. ഇക്കാരണത്തിലാണ് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. ഇത്ര ഭീരുവായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും സതീശൻ പരിഹസിച്ചു

എഐ ക്യാമറ ഇടപാടിന് പിന്നിൽ നടന്നത് വൻ കൊള്ളയാണ്. വിജിലൻസ് അന്വേഷണം പ്രഹസനമാണെന്നും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ ആവർത്തിച്ചു. പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ മെയ് 20ന് സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ശക്തമാക്കുമെന്നും പ്രതിപക്ഷന നേതാവ് പറഞ്ഞു.
 

Share this story