പിണക്കം മാറാതെ ചെന്നിത്തല; ആഭ്യന്തരത്തിന് വില പേശില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനത്തിൽ തന്നെ തഴഞ്ഞതിലുള്ള അതൃപ്തിയിൽ തുടർന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ നിന്ന് പിന്മാറിയെങ്കിലും മന്ത്രിസഭയിൽ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ തീരുമാനിച്ചപ്പോൾ സീനിയോറിറ്റി പരിഗണിച്ചില്ലെന്നതിൽ രമേശ് ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന ചെന്നിത്തല പിന്നീട് അയഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടുവെന്നതിനെ അദ്ദേഹത്തിന്‍റെ അനുയായികൾ തള്ളിയിട്ടുണ്ട്. തനിക്കൊപ്പമുള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല മുന്നോട്ടു വച്ചിട്ടുണ്ട്.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വെള്ളിയാഴ്ച ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടായിരിക്കേണ്ടത് സർക്കാരിന്‍റെ കെട്ടുറപ്പിനും പാർട്ടി കെട്ടുറപ്പിനും അത്യാവശ്യമാണെന്ന നിലപാടിലാണ് ഘടക കക്ഷികൾ.
ചെന്നിത്തല അനുനയത്തിന് തയാറാകാഞ്ഞതിനെത്തുടർന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അദ്ദേഹം മന്ത്രിസഭയിലുണ്ടായിരിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല.
