ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി
കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കുട്ടിക്കുമേല്‍ ചുമത്തിയിരുന്നത്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ് പതിനേഴുകാരന്‍. കുട്ടി ഓടിച്ച വാഹനത്തിന്റെ ആര്‍ സി ഉടമ പിതാവായ ജഡ്ജിയാണ്. മകന്‍ വാഹനമെടുത്ത് പോയതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. ആദ്യമായാണ് മകന്‍ വാഹനമോടിക്കുന്നതെന്നും പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.ഞായറാഴ്ച ചേരാനല്ലൂരില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണന്‍. അമിതവേഗത്തിലെത്തിയ കാര്‍ ജയപാലകൃഷ്ണന്‍ ഓടിച്ച സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകരുകയും ജയപാലകൃഷ്ണന്‍ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ റോഡില്‍ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു.ബെന്‍സ് കാറാണ് പതിനേഴുകാരന്‍ ഓടിച്ചിരുന്നത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് പതിനേഴുകാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളതെന്നാണ് വിവരം.
