ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസ്; സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിലും സിഎം സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ജയിലിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. സെബാസ്റ്റ്യനെ കേസിൽ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ജെയ്‌നമ്മ കൊലക്കേസിൽ റിമാൻഡിൽ കഴിയുകയാണ് സെബാസ്റ്റ്യൻ
2006ലാണ് ബിന്ദുവിനെ കാണാതാകുന്നത്. 2017ലാണ് കേസ് പോലീസിന് മുന്നിലെത്തുന്നത്. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ബിന്ദുവുമായി സെബാസ്റ്റ്യന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി
അതേസമയം തെളിവുകളുടെ അഭാവമാണ് ഇയാൾ ആദ്യമൊക്കെ പിടിക്കപ്പെടാതിരിക്കാൻ കാരണമായത്. എന്നാൽ ഏറ്റുമാനൂർ ജെയ്‌നമ്മ വധക്കേസിൽ ഇയാൾ അറസ്റ്റിലായതോടെ മറ്റ് തിരോധാന കേസുകളെ കുറിച്ചും പോലീസ് കാര്യമായി അന്വേഷണം തുടങ്ങി. സെബാസ്റ്റിയന്റെ വീട്ടുപരിസരത്ത് നടത്തിയ പരിശോധനയിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു