യു.എസിലേക്ക് പറക്കാന്‍ തയ്യാറെടുത്ത് മുഖ്യമന്ത്രിയും മന്ത്രിതലസംഘവും; സന്ദര്‍ശന പട്ടികയില്‍ ക്യൂബയും: അനുമതിക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു

CM

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ലോകകേരളസഭ മേഖലാസമ്മേളനത്തിനായി അമേരിക്കയിലേക്ക് പോകാന്‍ തയാറായി പിണറായി വിജയനും മന്ത്രിമാരും. അമേരിക്കയില്‍ പോകുന്ന സംഘം ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാണ് ഉണ്ടാകുക. അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്ക-ക്യൂബ യാത്രയ്ക്കായി മുഖ്യമന്ത്രിയും സംഘവും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകള്‍.

ജൂണ്‍ 13-15 വരെയാണു ക്യൂബ സന്ദര്‍ശനം. ഒപ്പം മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ ആറംഗസംഘമുണ്ടാകും. ഭാര്യ കമലാ വിജയനും പഴ്സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷും യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. യു.എസ്. തലസ്ഥാനമായ വാഷിങ്ടണില്‍ ജൂണ്‍ 12-നു മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചനടത്തുമെന്നു പൊതുഭരണവകുപ്പ് വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

സംഘാംഗങ്ങളുടെ ചെലവ് അതത് വകുപ്പുകള്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചെലവ് അവര്‍തന്നെ വഹിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവ് വിദേശയാത്രയ്ക്കുള്ള അക്കൗണ്ടില്‍നിന്നാണ്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ അസിസ്റ്റന്റിന്റെ ചെലവും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.

Share this story