മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ സാധ്യത; കാസർകോട് യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി പോലീസ്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ. കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കോട്ടക്കുന്ന് എന്നിവരെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് കരുതൽ തടങ്കലിലാക്കിയത്.
ചെർക്കളയിൽ നിന്നാണ് ഇവരെ കരുതൽ തടങ്കലിലെടുത്തത്. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറിമാരായ മാർട്ടിൻ ബളാൽ, രതീഷ് രാഘവൻ, ഷിബിൻ, വിനോദ് കള്ളാർ എന്നിവരെ കാഞ്ഞങ്ങാട് മാവുങ്കാലിൽ നിന്നാണ് പോലീസ് കരുതൽ തടങ്കലിലെടുത്തത്.
യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത്, സെക്രട്ടറിമാരായ സുധീഷ്, സുശാന്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെആർ കാർത്തികേയൻ, ജില്ലാ ജനറൽ സെക്രട്ടറി ദീപു കല്യോട്ട്, വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ എന്നിവരും കരുതൽ തടങ്കലിലാണ്.