മുഖ്യമന്ത്രി-പോറ്റി ഫോട്ടോ: എൻ സുബ്രഹ്മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

subramanian

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പോലീസ് കേസെടുത്തത്. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു.

ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് പോലീസ് വീട്ടിലെത്തിയത്. എന്നെ വിളിച്ചുണർത്തിയത് തന്നെ പോലീസാണ്. മൊഴിയെടുക്കണം എന്നാണ് ആദ്യം പറഞ്ഞിരുന്നത് പിന്നീടാണ് സ്റ്റേഷൻ വരെ വരണം എന്ന് സി ഐ പറയുന്നത്. അതിനിടെ അദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നിരുന്നു. സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ അദ്ദേഹത്തിന് വീണ്ടും ഒരു കോൾ വന്നു എന്റെ വൈദ്യപരിശോധന നടത്തണം എന്ന് പറഞ്ഞായിരുന്നു അത് അങ്ങിനെയാണ് പരിശോധന നടത്താനായി കൊണ്ട് പോകുന്നത്. 

ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പോലീസിന്റെ ഈ നാടകം. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു.

Tags

Share this story