മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; തീരുമാനം ഡൽഹിയിലെന്ന് സണ്ണി ജോസഫ്

Sunny Joseph

സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും,തീരുമാനം ഡൽഹിയിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇനി കൂടുതൽ ചർച്ചയില്ല. ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും. സോണിയ ഗാന്ധി ആശുപത്രിയിൽ ആയിരുന്നു എന്നറിയാമല്ലോ. ഇനി പ്രഖ്യാപനം അധികം വൈകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ. ഡൽഹിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് നിരക്കാത്ത പ്രവണതകൾ ഉണ്ടായി എന്നാണ് രാഹുലിന്‍റെ നിരീക്ഷണം. അന്തിമ പ്രഖ്യാപനത്തിന് മുന്നേ നേരിട്ട് ഘടകകക്ഷികളോട് സംസാരിക്കണോ എന്നതിലും ഇന്ന് രാഹുൽ തീരുമാനം കൈക്കൊള്ളും. ശേഷമാകും കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള പ്രഖ്യാപനമെന്നാണ് വിവരം.

Tags

Share this story