കേൽക്കറെ നിയമിച്ചതിൽ തെറ്റെന്തെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേൽക്കറെ നിയമിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച മുഖ്യമന്ത്രി, നിലവിലെ വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കി.
മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് രത്തൻ കേൽക്കർ. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് അദ്ദേഹത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി (സി.ഇ.ഒ) നിയമിച്ചത്. അദ്ദേഹത്തിനെതിരെ നിലവിൽ പരാതികളൊന്നുമില്ല. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലുള്ളതെന്നും, കേരളത്തെ ബംഗാളുമായി താരതമ്യം ചെയ്യരുതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയത്.
പാരിയത്തുകാവിലെ ഭൂമി ഒഴുപ്പിക്കൽ വിഷയത്തിൽ മുൻ എൽഡിഎഫ് സർക്കാർ ചെറുവിരൽ അനക്കിയില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. പതിനാല് തവണ ഒഴിപ്പിക്കലിന് വന്നെങ്കിലും ആ വിഷയം അന്വേഷിക്കാത്തവർ ഞങ്ങൾ അധികാരത്തിൽ കയറിയതിന് പിന്നാലെ പതിനഞ്ചാമത്തെ പ്രാവശ്യം വന്നപ്പോൾ ഇപ്പോൾ സമരവുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും വി ഡി സതീശൻ പരിഹസിച്ചു. 'പതിനാല് തവണയും നിരുത്തരവാദിത്തപരമായ നിലപാട് സ്വീകരിച്ച കഴിഞ്ഞ സർക്കാരിൻ്റെ നിലപാടല്ല ഞങ്ങളുടേത്. മന്ത്രി റോജി എം ജോണിനെ വിട്ട് അവിടെ മീറ്റിംഗ് വിളിപ്പിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കിയാൽ ആ എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ല. അവരോട് ഒരു പ്രൊപ്പോസൽ വെച്ചിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കിയാൽ അവിടുത്തെ താമസക്കാർക്ക് പകരം സ്ഥലവും പകരം വീടും നൽകി പുനരധിവസിപ്പിക്കു'മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാരിയത്തുകാവിലെ ജനങ്ങളെ തെരുവിലേയ്ക്ക് വിടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡാണ് മുനമ്പത്തെ പ്രശ്നം സങ്കീർണ്ണമാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡ് ഭൂമി വഖഫായി രജിസ്റ്റർ ചെയ്തെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാർ നിയമിച്ച വഖഫ് ബോർഡ് യുഡിഎഫ് സർക്കാരിനെ കുഴപ്പത്തിലാക്കാൻ ശ്രമിച്ചെന്നും വി ഡി സതീശൻ ആരോപിച്ചു. രണ്ട് വിഭാഗങ്ങളെ ശത്രുതയിലാക്കാൻ എൽഡിഎഫ് കൂട്ടുനിന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കളക്ടർമാരെ മാറ്റാനുള്ള തീരുമാനം ഭരണപരമായി എടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കളക്ടർമാരുടെ കുറവ് വന്നു. അപ്പോൾ ആ കളക്ടർമാരെ സീനിയോറിറ്റി അനുസരിച്ച് നിയമിക്കാൻ പറഞ്ഞു. കളക്ടർ സ്ഥാനത്ത് നിന്നും മാറുന്നവർക്ക് ബാക്കിയുള്ള പലസ്ഥലത്തും കൊടുത്തു. ഉദ്യോഗസ്ഥന്മാരുടെ പുനർവിന്യാസം ആയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പല വകുപ്പുകളിലും ഒന്നിൽ കൂടുതൽ സെക്രട്ടറിമാരുണ്ടെന്നും വകുപ്പുകൾ അനുസരിച്ച് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്നത് യുക്തിസഹമാക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ട്. അത് സൂക്ഷ്മമായി പരിശോധിച്ച് മന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ച് അതത് വകുപ്പുകളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ പുനർവിന്യാസം നടത്തും. ഇപ്പോൾ നടത്തിയിരിക്കുന്നത് ഭരണപരമായ താൽക്കാലിക നടപടി മാത്രമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
