ചിന്നക്കനാൽ ഭൂമിയിടപാട് കേസ്: മാത്യു കുഴൽനാടന് വിജിലൻസിന്റെ നോട്ടീസ്
Jan 9, 2026, 17:01 IST
ഇടുക്കി ചിന്നക്കനാൽ ഭൂമി കേസിൽ മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്.
വിജിലൻസ് എടുത്ത കേസിൽ പതിനാറാം പ്രതിയാണ് മാത്യു കുഴൽനാടൻ. ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ മാത്യു കുഴൽനാടനെതിരെ ഇഡിയും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് വിജിലൻസും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. മുൻ ഉടമകളിൽ നിന്ന് ഭൂമി വാങ്ങിയ മാത്യൂ കുഴൽനാടൻ സർക്കാർ ഭൂമി ആണെന്ന് അറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നാണ് ആരോപണം.
