ചിറയിൻകീഴ് തമ്മിലടി: പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ

രമ്യ മർദ്ദനം

തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയുടെ പശ്ചാത്തലത്തിൽ ‌എംഎൽഎ രമ്യ ഹരിദാസിന്‍റെ സഹായിയും പാർട്ടി പ്രവർത്തകനുമായ പാളയം പ്രദീപ്, ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദ് എന്നിവരെ സസ്പെൻഡ് ചെയ്ത് കെപിസിസി. പ്രശ്നം പാർട്ടിക്കുള്ളിൽ തന്നെ പറഞ്ഞു തീർക്കുന്നതിന്‍റെ ഭാഗമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഇരു വിഭാഗത്തിൽ നിന്നുമുള്ള രണ്ടു പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇരു വിഭാഗവും നിയമനടപടികളിലേക്ക് നീങ്ങിയത് പാർട്ടിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചതോടെയാണ് കെപിസിസി പ്രശ്നത്തിൽ ഇടപെട്ടത്.

ഇരുവരും സംഘടനാപരമായി ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് കെപിസിസി അന്വേഷണ സമ‌ിതി കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ നടപടി പിന്നീടെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയോടെ ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിന്‍റെ വീട്ടിൽ വച്ചാണ് പ്രശ്നമുണ്ടായത്. തന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് കാണിച്ച് എംഎൽഎ പരാതി നൽകിയിരുന്നു.

എന്നാൽ എംഎൽഎ യുടെ ഒപ്പമുള്ള പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് പ്രാദേശിക പാർട്ടി പ്രവർത്തകർ ആരോപിച്ചിരുന്നു. എംഎൽഎയെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നും രമ്യയാണ് പ്രകോപിതയായി പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും തന്‍റെ മകളെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്നും സജാദ് ആരോപിച്ചിരുന്നു.

തമ്മിലടിയുടെ വിഡിയോ പുറത്തു വന്നതിനു പിന്നാലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും എംഎൽഎയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. സജാദിനെതിരേ കേസെടുത്താൻ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് വരെ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് വിഷയം സമവായത്തിലൂടെ പരിഹരിക്കാനുള്ള നീക്കം തുടങ്ങിയത്.

Tags

Share this story