ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദനം; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്ക്

chithrapriya

മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ 19കാരി ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദനം. ചിത്രപ്രിയയുടെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്കെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

തലയിൽ ഒന്നിൽ കൂടുതൽ തവണ അടിയേറ്റ മുറിവുകൾ ഏറ്റിട്ടുണ്ട്, ഭാരമുള്ള കല്ല് ഉപയോഗിച്ചാണ് അലൻ ചിത്രപ്രിയയുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചത് വയറിലടക്കം പരുക്കുണ്ടായി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നേരത്തെ നടത്തിയ ഇൻക്വസ്റ്റിൽ തലയിൽ ഒരു മുറിവ് മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്.

ശനിയാഴ്ച വൈകിട്ടാണ് ചിത്രപ്രിയയെ കാണാനില്ല എന്ന് ചൂണ്ടിക്കാണിച്ച് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയത്. ഇന്നലെ നടത്തിയ തെരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്ക് അടിയേറ്റതായി ഇൻക്വസ്റ്റിൽ വ്യക്തമായി. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി.

അലനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ അലൻ കുറ്റം സമ്മതിച്ചു. ചിത്രപ്രിയക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് തർക്കത്തിന് കാരണം. ഇതിന് പിന്നാലെയാണ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.  19 വയസുള്ള ചിത്രപ്രിയ ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയാണ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags

Share this story