ബിജെപിയുമായി സംസാരിക്കുന്നതിന് സഭയ്ക്ക് അകൽച്ചയൊന്നുമില്ല: ആർച്ച് ബിഷപ് പാംപ്ലാനി

pamplani

ബിജെപിയുമായി സംസാരിക്കാൻ പറ്റാത്ത സാഹചര്യമൊന്നുമില്ലല്ലോയെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. രാജ്യം ഭരിക്കുന്ന പാർട്ടിയോട് സംസാരിക്കുന്നതിൽ സഭയ്‌ക്കോ സഭാ നേതൃത്വത്തിനോ അകൽച്ചയില്ല. അവരുമായി പല കാര്യങ്ങളും പല സാഹചര്യങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇത്തരം ചർച്ചകൾ എല്ലാ മേഖലകളിലും തുടരുന്നതുമാണ്. ഇതിനെ കത്തോലിക്ക സഭയുടെ നിലപാടായിട്ടോ മതപരമായിട്ടോ ചിത്രീകരിക്കേണ്ട ആവശ്യമില്ല

ബിജെപിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പാംപ്ലാനി തള്ളി. റബർ കർഷകരെ സഹായിക്കുന്നവരുടെ പക്ഷത്ത് നിൽക്കുമെന്നാണ് പറഞ്ഞത്. കേന്ദ്രസർക്കാർ സഹായിച്ചാലും സംസ്ഥാന സർക്കാർ സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. ബിജെപി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു

സമ്മേളനത്തിൽ പ്രകടിപ്പിച്ചത് ഇവിടുത്തെ മലയോര കർഷകരുടെ വികാരമാണ്. ഇതിനെ സഭയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കുന്നു എന്ന രീതിയിലേക്ക് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. റബർ വില കൂട്ടിയാൽ കേരളം പിടിക്കാമെന്ന് കരുതേണ്ടെന്ന എംവി ഗോവിന്ദന്റെ പ്രതികരത്തോടും പാംപ്ലാനി പ്രതികരിച്ചു. റബറിന്റെ വില എന്നത് നിസാര വിഷയമായി ഗോവിന്ദൻ മാഷിന് തോന്നുന്നുണ്ടാകും. പക്ഷേ മലയോര കർഷകർക്ക് അതൊരു നിസാര വിഷയമായി തോന്നുന്നില്ലെന്നും പാംപ്ലാനി പറഞ്ഞു.
 

Share this story