സംസ്ഥാനത്ത് ജനുവരി 31-ന് സിനിമാ സമരം; തിയേറ്ററുകൾ അടച്ചിടും, ഷൂട്ടിംഗ് സ്തംഭിക്കും; സിനിമയുമായി നിസഹകരിക്കാൻ സംഘടനകൾ

തിയേറ്റർ


ജിഎസ്ടിക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദനികുതി ഒഴിവാക്കണമെന്ന പ്രധാന ആവശ്യമുന്നയിച്ച് ജനുവരി 31-ന് സംസ്ഥാനത്തെ സിനിമാ മേഖലയിൽ സൂചനാ സമരം നടത്താൻ വിവിധ സിനിമാ സംഘടനകൾ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി അന്നേ ദിവസം തിയേറ്ററുകൾ അടച്ചിടുമെന്നും സിനിമകളുടെ ഷൂട്ടിംഗ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

നിലവിലുള്ള ജിഎസ്ടിക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന അധിക നികുതി ഒഴിവാക്കുക എന്നതാണ് സംഘടനകളുടെ പ്രധാന ഡിമാൻഡ്. സിനിമയിലെ നിർമ്മാണച്ചെലവുകൾ കുറയ്ക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ‘അമ്മ’ തുടങ്ങിയ പ്രധാന സംഘടനകളെല്ലാം സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ആവശ്യങ്ങൾ വിശദീകരിച്ചുകൊണ്ട് ജനുവരി 21-ന് മുഖ്യമന്ത്രിയെ കണ്ട് മെമ്മോറാണ്ടം സമർപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി അടുത്ത മാസം മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഡിസി (KSFDC) തിയേറ്ററുകൾക്ക് പുതിയ സിനിമകൾ നൽകില്ലെന്നും സംഘടനകൾ തീരുമാനിച്ചു.

Tags

Share this story