ക്രിസ്ത്യൻ ആരാധനാലയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ആശുപത്രിയിൽ വെച്ച് കൂട്ടത്തല്ലും, 19 പേർ അറസ്റ്റിൽ

Police

റാന്നി തോമ്പിക്കണ്ടത് ക്രിസ്ത്യൻ ആരാധനാലയത്തിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷം താലൂക്ക് ആശുപത്രിയിൽ വെച്ച് കൂട്ടത്തല്ലായി മാറി. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. പൊതുമുതൽ നശിപ്പിച്ചതിനും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും 19 പേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെയാണ് സംഭവം. തോമ്പിക്കണ്ടം അസംബ്ലീസ് ഓഫ് ക്രൈസ്റ്റ് ചർച്ചിൽ പ്രാർഥനക്കെത്തുന്നവർ രണ്ട് വിഭാഗമായപ്പോൾ ചർച്ച് സ്ഥാപകനായ പാസ്റ്റർ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇന്നലെ രാവിലെ ഒരു വിഭാഗം ആരാധനാലയത്തിൽ പ്രവേശിച്ച് പ്രാർഥന തുടങ്ങിയതോടെ എതിർത്ത് മറുകൂട്ടരും എത്തി

പിന്നാലെ ഇരുവിഭാഗവും തമ്മിൽ സംഘർഷം ആരംഭിച്ചു. ഇരുവിഭാഗത്തിൽ നിന്നുമായി മൂന്ന് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. ഇവരുമായി രണ്ട് വിഭാഗവും ചികിത്സക്കായി താലൂക്ക് ആശുപത്രിയിലെത്തി. ഇവിടെ വെച്ച് ഇരു വിഭാഗങ്ങളും തമ്മിൽ കൂട്ടത്തല്ല് നടക്കുകയായിരുന്നു

അത്യാഹിത വിഭാഗത്തിന് മുന്നിലുണ്ടായിരുന്ന കസേരകളും പുറത്ത് സ്‌കൂട്ടറുകളിൽ വെച്ചിരുന്ന ഹെൽമറ്റുകളും ഇവർ പരസ്പരം എടുത്തെറിഞ്ഞു. ഇതോടെ രോഗികൾ പരിഭ്രാന്തരായി ചിതറിയോടി. സെക്യൂരിറ്റി ജീവനക്കാരനെയും ഇവർ മർദിച്ചു. പിന്നാലെയാണ് പോലീസ് എത്തിയത്.
 

Tags

Share this story