എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷം; പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നുവെന്ന് എം വി ഗോവിന്ദൻ
ഇന്ന് നടന്ന എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു. എസിപിയുടെ കോളറിൽ പിടിച്ചെന്ന ആരോപണം ശുദ്ധ കളവാണ്. ക്രമസമാധാനം തകർക്കുന്നത് പൊലീസ് തന്നെയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അതിനെ ന്യായീകരിക്കുന്നു. പൊലീസ് അതിക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
സെക്രട്ടറിയേറ്റിന് അകത്ത് കയറാൻ എസ്എഫ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് മൂന്നുതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. സർവകലാശാല പരിപാടിക്കിടെ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികൾക്കാണ് പൊലീസിന്റെ ലാത്തിയടിയിൽ പരുക്കേറ്റത്. വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെ ക്രൂരമായാണ് വിദ്യാർഥികളെ ഇന്നലെ പൊലീസ് നേരിട്ടത്.
