കൊച്ചിയിൽ മേഘവിസ്‌ഫോടനമെന്ന് സംശയം; ഒന്നര മണിക്കൂറിൽ 98 മില്ലി മീറ്റർ മഴ

കൊച്ചിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 98 മില്ലിമീറ്റർ മഴ. മേഘവിസ്‌ഫോടനം ആകാമെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ കാലാവസ്ഥാ വിഭാഗം ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പെരുമഴയിൽ കൊച്ചി നഗരത്തിൽ കനത്ത വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്

നഗരസഭാ മേഖലകളിലും തൃക്കാക്കര, കളമശ്ശേരി, തൃപ്പുണിത്തുറ മുൻസിപ്പാലിറ്റികളിലും ഉള്ളവരെയാണ് വെള്ളക്കെട്ട് സാരമായി ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗത കുരുക്ക് രൂക്ഷമായി. ഇൻഫോപാർക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് ജോലിക്കാർക്ക് പലർക്കും സമയത്ത് എത്താനായില്ല

നഗരത്തിൽ താഴ്ന്ന മേഖലകളിലെ വീടുകളിൽ വെള്ളം കയറി. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം വീണു. ആർക്കും പരുക്കില്ല. കളമശ്ശേരിയിൽ വെള്ളം ഉയർന്നതോടെ ഒറ്റപ്പെട്ട് പോയവരെ ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.
 

Share this story