എന്‍ടിപിസിയുമായി കരാർ ഒപ്പിടാന്‍ കെഎസ്ഇബിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

kse VD

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയവുമായി കരാർ ഒപ്പിടാന്‍ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. പവർ പർച്ചേസ് എഗ്രിമെന്റ് അയച്ചുകൊടുത്തിട്ടും കരാർ ഒപ്പിടാതെയാണ് കെഎസ്ഇബി മുന്നോട്ടുപോകുന്നത്.

കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭിക്കുന്ന കരാർ ഒപ്പിടുന്നതിൽ അമാന്തം കാണിച്ചതിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഡല്‍ഹിയിലെത്തി എന്‍ടിപിസി ചെയർമാനുമായി സംസാരിച്ചതിനെ തുടർന്നാണ് തീരുമാനമായത്. യൂണിറ്റിന് 5.18 രൂപയ്ക്ക് 540 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കുന്നതാണ് കരാർ.

അതേസമയം, നവംബറിലും ഡിസംബറിലും വൈദ്യുതി പ്രതിസിന്ധിയില്ലെന്ന കെഎസ്ഇബിയുടെ പുതിയ റിപ്പോര്‍ട്ട് പരിഗണിച്ച് ഹിമാചലിൽ നിന്നോ ജിഎൻഎയിൽ നിന്നോ തൽക്കാലം വൈദ്യുതി വാങ്ങില്ലെന്നും തീരുമാനമായിട്ടുണ്ട്.

അതേസമയം, നവംബറില്‍ വൈദ്യുതി പ്രതിസന്ധിയെന്ന റിപ്പോര്‍ട്ടില്‍ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി. നവംബറില്‍ പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതെങ്ങനെയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുൻ കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. പുതിയ ഊര്‍ജ സെക്രട്ടറിക്കും കെഎസ്ഇബി ചെയര്‍മാനുമാണ് നിര്‍ദേശം നല്‍കിയത്.

മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തി ഹിമാചല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമം നടന്നോയെന്ന സംശയവും നിഴലിക്കുന്നുണ്ട്. അതേസമയം, നവംബര്‍-ഡിസംബര്‍ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പുതിയ കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് മാസങ്ങളിലേക്കുള്ള തയ്യാറെടുപ്പുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this story