മുഖ്യമന്ത്രി ഏകാധിപത്യശൈലി തിരുത്തണം, അല്ലെങ്കിൽ മാറി നിൽക്കണം: സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. പിണറായി വിജയന്റെ ഏകാധിപത്യശൈലി അദ്ദേഹമോ, പാർട്ടിയോ തിരുത്തണം. അത് സാധിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി മാറി നിൽക്കുന്നതാകും നല്ലതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യം ഉയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. പിണറായി-വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റി. ഭൂരിപക്ഷ വോട്ട് ലഭിക്കുമെന്ന് കരുതിയാകും രണ്ട് പേരും കൂടി ഇതെല്ലാം ചെയ്തത്. അത് കിട്ടിയുമില്ല, ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി തീരുമാനിക്കുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്
ഈ ശൈലി തിരുത്തണമെന്ന് പറയാൻ സിപിഎമ്മിന് ധൈര്യമില്ല. അവർക്ക് സാധിക്കുന്നില്ലെങ്കിൽ സിപിഐ എങ്കിലും ചെയ്യണം. എന്നാൽ ഈ ആവശ്യം എങ്ങനെ നടപ്പാക്കാൻ സാധിക്കുമെന്ന മറുചോദ്യമാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് തിരുത്തേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. സിപിഐക്ക് എങ്ങനെ അത് പറയാൻ സാധിക്കുമെന്നും ബിനോയ് വിശ്വം ചോദിച്ചു
