എല്ലാ വിഷയത്തിലും അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; സഭ നടക്കില്ലെന്ന് സതീശൻ

satheeshan pinarayi

ഇന്നലെ നടന്ന അസാധാരണ സംഭവങ്ങൾക്ക് പിന്നാലെ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്. എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ലെന്ന് വിഡി സതീശൻ പറഞ്ഞു

പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരമായുമാണ് സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നതെന്ന മറുചോദ്യമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. മാത്യു കുഴൽനാടൻ സംസാരിച്ചപ്പോൾ മുഖ്യമന്ത്രി എത്ര തവണ ഇടപെട്ടുവെന്നും സതീശൻ ചോദിച്ചു

കക്ഷി നേതാക്കളുടെ യോഗത്തിൽ ഒരുതരത്തിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷവും ഭരണപക്ഷവും സ്വീകരിച്ചത്. സഭ നടപടികൾ നടക്കുമ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
 

Share this story