സിഎംആർഎൽ-എക്സാലോജിക് കേസ്: എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ഇഡി

കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് (CMRL-Exalogic) കള്ളപ്പണക്കേസിൽ സിഎംആർഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) വീണ്ടും ചോദ്യം ചെയ്യുന്നു. രണ്ടാം തവണയാണ് ഇദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നത്.

​സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മരുമകൻ കൂടിയായ അനിൽ ആനന്ദ പണിക്കരുടെ പേരിലുള്ള ഒരു എക്സ്പോർട്ടിങ് കമ്പനിയിലേക്ക് സിഎംആർഎല്ലിൽ നിന്ന് ഏകദേശം 12 കോടി രൂപയോളം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണോ ഈ സാമ്പത്തിക ഇടപാടുകൾ നടന്നതെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.

​നേരത്തെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) തയ്യാറാക്കിയ റിപ്പോർട്ടും അതിന്റെ അനുബന്ധ രേഖകളും ഇഡി ശേഖരിച്ചിരുന്നു. ഈ വിശദമായ രേഖകളുടെ അടിസ്ഥാനത്തിലാണ് അനിൽ ആനന്ദ പണിക്കരെ ഇഡി ഉദ്യോഗസ്ഥർ കൊച്ചിയിൽ ചോദ്യം ചെയ്യുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്രയും വലിയ തുക കമ്പനിയിലേക്ക് കൈമാറിയത് എന്നതിനെക്കുറിച്ചുള്ള വ്യക്തത വരുത്താനാണ് നിലവിലെ നീക്കം. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റ് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Tags

Share this story