സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായി വിജയൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പി എ മുഹമ്മദ് റിയാസ്, ടി വീണ എന്നിവരുടെ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് അപ്പീലുകൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. അപ്പീലുകളിൽ ഡിവിഷൻ ബെഞ്ച് എതിർകക്ഷികളായ സംസ്ഥാന വിജിലൻസിനോടും ഇ ഡിയോും മറുപടി തേടിയേക്കും. സംസ്ഥാന വിജിലൻസിനോടും സിംഗിൾ ബെഞ്ചിലെ ഹർജിക്കാരനായ കെഎം ഷാജഹാനോടും ആണ് മറുപടി തേടുന്നത്. എഫ്ഐആർ തടഞ്ഞിട്ടില്ലെങ്കിലും വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേയുണ്ട്. നേരത്തെ അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച ബെഞ്ച് ആണ് സുപ്രിംകോടതിയുടെ നിർദ്ദേശം അനുസരിച്ച് അപ്പീൽ പരിഗണിക്കുന്നത്.
കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാത്ത സർക്കാരിനെതിരെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. അതിവേഗം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ കോടതി പരിഹസിച്ചിരുന്നു. ഇ ഡി കത്തിൽ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യും മുൻപ് ആരോപണ വിധേയരുടെ ഭാഗം കേൾക്കേണ്ടെന്ന ഇഡി വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അപ്പീൽ ഡിവിഷൻ ബെഞ്ച് മെറിറ്റിൽ പരിഗണിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അപ്പീലിന് അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ അനുമതിക്ക് സമീപിച്ചപ്പോൾ ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടിയാണ് പിണറായി വിജയന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്നാണ് കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ് ഉണ്ടാകുന്നത്. ഇതിന് പിന്നാലെ സുപ്രീം കോടതി ഉത്തരവ് പിണറായി വിജയൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള സ്റ്റേ തുടരുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സുപ്രീം കോടതി നിലപാട് തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വീകരിക്കാനാണ് സാധ്യത കൂടുതൽ.
നേരത്തെ ഹൈക്കോടതി വിധിയുടെ പിന്നാലെ സംസ്ഥാന സർക്കാർ ഇഡി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, പി എ മുഹമ്മദ് റിയാസ്, ടി വീണ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകൾ ഇ ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെയായിരുന്നു ഇസിഐആർ രജിസ്റ്റർ ചെയ്തത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജൻസി കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിജിലൻസിന്റെ രണ്ട് എഫ്ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.
ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒക്ടോബർ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി പിണറായി വിജയന് നോട്ടീസ് നൽകിയിരുന്നു. പിണറായി വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. 23ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. എന്നാൽ ഒക്ടോബർ 23ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് പിണറായി വിജയൻ ഇ ഡിക്ക് കത്ത് നൽകിയിരുന്നു. നിയമ സഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാണിച്ചാണ് പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചത്. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയന് വീണ്ടും സമൻസ് നൽകാനുള്ള നീക്കത്തിലാണ് ഇ ഡി. പുതിയ തീയതി നിശ്ചയിച്ചു കൊണ്ടുള്ള സമൻസ് ഉടൻ നൽകും. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷമാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവ് അന്വേഷണത്തിന് തിരിച്ചടി അല്ലാത്തതിനാൽ വീണ്ടും സമൻസ് അയക്കുന്നതിൽ തടസ്സങ്ങൾ ഇല്ലെന്നാണ് ഇ ഡിക്ക് ലഭിച്ച നിയമോപദേശം.
