സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ഇഡി കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ല: നിയമോപദേശം നല്‍കുന്നതില്‍ ആശയക്കുഴപ്പത്തില്‍ എജി
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടിലെ ഇഡി കത്തില്‍ പിണറായി വിജയന് എതിരെ തെളിവുകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. കോടതി തള്ളിയ, ബാങ്ക് രേഖകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെളിവായി നല്‍കിയത്. വീണയുടെ ഡയറിക്കുറിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് കള്ളപ്പണ ഇടപാട് നടന്നുവെന്ന ഇഡിയുടെ അവകാശ വാദം. മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളും ഇഡി കൈമാറിയിട്ടില്ല.
തെളിവുകളില്ലാത്തതിനാല്‍ കേസെടുക്കാന്‍ നിയമോപദേശം നല്‍കുന്നതില്‍ എജി ആശയക്കുഴപ്പത്തിലാണ്. പിണറായി വിജയന് എതിരെ കേസ് എടുക്കാന്‍ എജി ശുപാര്‍ശ ചെയ്‌തേക്കില്ലെന്നാണ് വിവരം. പി എ മുഹമ്മദ് റിയാസിന് എതിരെ പ്രാഥമിക പരിശോധന നടത്താന്‍ ശുപാര്‍ശ നല്‍കിയേക്കും.
എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നല്‍കിയ കത്തില്‍ പിണറായി വിജയനും റിയാസിനുമെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നിരിക്കെയാണ് നീക്കം. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഇ ഡി നല്‍കിയിട്ടില്ല. സിഎംആര്‍എല്‍ സിഎഫ്ഒ ആയിരുന്ന പി സുരേഷ് കുമാറിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് പിണറായിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടത്. സുരേഷ് കുമാറിന്റെ മൊഴി ചൂണ്ടിക്കാട്ടി പിണറായിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം മുമ്പ് കോടതികള്‍ തള്ളിക്കളഞ്ഞതാണ്. അത് ചൂണ്ടിക്കാട്ടിയാകും അന്വേഷണം വേണ്ടെന്ന ശുപാര്‍ശ എജി സര്‍ക്കാരിന് നല്‍കുക. മൂന്ന് കോടതികള്‍ എതിര്‍ വിധി പറഞ്ഞതിനാല്‍ പൊലീസ് ആക്ട് പ്രകാരം കേസെടുത്താല്‍ തിരിച്ചടിയാകുമെന്ന് എജി സര്‍ക്കാരിനെ അറിയിക്കും.
റിയാസിന്റെ കാര്യത്തില്‍ ആരോപണങ്ങളും ഹസന്‍ വാരിസിന്റെ മൊഴിയുമാണ് ഇ ഡി നല്‍കിയ കത്തിലുള്ളത്. തെളിവുകളൊന്നും നല്‍കിയിട്ടില്ല. റിയാസിന്റെ കാര്യത്തില്‍ കോടതി വിധി ബാധകമല്ലാത്തതിനാലാണ് പ്രാഥമിക അന്വേഷണം നടത്താമെന്ന നിലപാട് എജി സ്വീകരിക്കുക. വിശദമായ പരിശോധനകള്‍ക്ക് ശേഷം അടുത്തയാഴ്ചയോടെ എജി സര്‍ക്കാരിന് നിയമോപദേശം നല്‍കിയേക്കും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. കത്തില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തിലുണ്ടായിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലമാണ് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം ലഭിക്കുന്ന പക്ഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
