സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ലെന്ന് പിണറായി വിജയന്‍ ഇഡിക്ക് മറുപടി നല്‍കി

PV ED

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ലെന്ന് പിണറായി വിജയന്‍. ഇത് വ്യക്തമാക്കി പിണറായി ഇ ഡിക്ക് മറുപടി നല്‍കി. നിയമസഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടിയെന്നാണ് ഇ ഡിയുടെ നിലപാട്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ ഡി നോട്ടീസ് നല്‍കിയത്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ഇ ഡി സംഘം പിണറായി വീട്ടില്‍ ഇല്ലാത്തതിനാല്‍ ചുവരില്‍ നോട്ടീസ് ഒട്ടിച്ച് മടങ്ങുകയായിരുന്നു. 23ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പിണറായി വിജയന് നിയമോപദേശം ലഭിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തിരുന്നു. വിജിലന്‍സ് കേസെടുത്തതിന്റെ ചുവടുപിടിച്ചായിരുന്നു ഇ ഡി നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിജിലന്‍സിന്റെ രണ്ട് എഫ്‌ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്. ഇതിനാല്‍ കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി ഉത്തരവും പിണറായി ഇ ഡിക്ക് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിഎംആര്‍എല്‍ ഇടപാടില്‍ വിജിലന്‍സ് എടുത്ത കേസിൽ സുപ്രീംകോടതിയില്‍ നിന്ന് പിണറായി വിജയന് അനുകൂലമായ ഉത്തരവാണ് കഴിഞ്ഞ ദിവസമുണ്ടായത്. വിജിലന്‍സ് അന്വേഷം ഒരാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. മുഹമ്മദ് റിയാസിനും വീണ ടിയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണവും തടഞ്ഞിരുന്നു. സുപ്രീംകോടതി ഉത്തരവ് പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്. പിണറായി ഉള്‍പ്പെടെയുള്ളവരുടെ അപ്പീല്‍ വരുന്ന ശനിയാഴ്ച പരിഗണിക്കാനാണ് സാധ്യത.

Tags

Share this story