സിഎംആർഎൽ-എക്സാലോജിക് ഇടപാട്; നൽകാത്ത സേവനത്തിന് വൻ തുക കൈപ്പറ്റി: വീണാ വിജയന് കുരുക്കായി എസ്എഫ്ഐഒ കണ്ടെത്തൽ
കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കടുത്ത തിരിച്ചടിയായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) കണ്ടെത്തലുകൾ. ഐടി സേവനങ്ങൾ ഒന്നും തന്നെ നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ (CMRL) നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് വൻ തുക കൈപ്പറ്റിയെന്നാണ് SFIO റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയാണ് വീണയുടെ കമ്പനി കൈപ്പറ്റിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ 2017 ജനുവരി 1 മുതൽ പ്രതിമാസം 5 ലക്ഷം രൂപ പ്രതിഫലത്തിൽ വീണയെ സിഎംആർഎല്ലിന്റെ ഐടി കൺസൽറ്റന്റായി നിയമിക്കുകയായിരുന്നു. എന്നാൽ ഇതിന് പകരമായി യാതൊരുവിധ ഐടി സേവനങ്ങളും കമ്പനിക്ക് നൽകിയിട്ടില്ലെന്ന് SFIO വ്യക്തമാക്കുന്നു. എക്സാലോജിക് ജീവനക്കാരുടെയും സിഎംആർഎൽ ഐടി മേധാവിയുടെയും മൊഴികൾ ഇക്കാര്യം അടിവരയിടുന്നുണ്ട്.
2019 ജനുവരിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1.72 കോടി രൂപ വീണയ്ക്ക് നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ ആദായനികുതി റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്ന് എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണമൊഴുക്ക് തുടർന്നതായാണ് SFIO-യുടെ പുതിയ കണ്ടെത്തൽ.
SFIO കണ്ടെത്തിയ ഈ വൻ കോർപ്പറേറ്റ് ക്രമക്കേടുകളുടെയും വ്യാജ ചിലവ് കാണിക്കലുകളുടെയും പശ്ചാത്തലത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം SFIO കണ്ടെടുത്ത 134 നിർണായക രേഖകൾ ഇഡിക്ക് കൈമാറാൻ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 12-ന് (വെള്ളിയാഴ്ച) കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണാ വിജയനും സിഎംആർഎൽ അധികൃതർക്കും ഇഡി സമൻസ് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കേന്ദ്ര ഏജൻസികൾ കടക്കുമെന്നാണ് സൂചനകൾ.
അതേസമയം ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന സമന്‍സില്‍ തീരുമാനം ഉടനുണ്ടാകും. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നാണ് വീണയുടെ പ്രതികണം. സിഎംആര്‍എല്ലുമായുള്ള ഇടപാട് നിയമാനുസൃതമാണ്. തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ട്. സിഎംആര്‍എല്ലുമായുള്ള ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നത്. സേവനത്തില്‍ സിഎംആര്‍എല്‍ തൃപ്തരാണെന്നും അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വീണയുടെ വാദം. ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ അഭിഭാഷകരുമായി സംസാരിച്ചതിന് ശേഷമാകും തീരുമാനം.
