സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട്: കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യാൻ ഇ.ഡി; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്

ഇഡി കൊച്ചി

കൊച്ചി: ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട കേസിൽ നടപടികൾ കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിലെ (CMRL) ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനി ജനറൽ മാനേജർ മനോഹർദാസിന് ഇ.ഡി സമൻസ് അയച്ചു.

​കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെയും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്ത ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണ സംഘം കടന്നിരിക്കുന്നത്.

​ഇടപാടുമായി ബന്ധപ്പെട്ട ബാലൻസ് ഷീറ്റുകൾ, അക്കൗണ്ട് രേഖകൾ, മറ്റ് സാമ്പത്തിക വിവരങ്ങൾ എന്നിവയുടെ സൂക്ഷ്മ പരിശോധന അന്വേഷണ സംഘം പൂർത്തിയാക്കി വരികയാണ്. അടുത്ത ഘട്ടത്തിൽ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കേസിൽ ഉൾപ്പെട്ട മറ്റ് പ്രമുഖരെ കേന്ദ്രീകരിച്ചും ചോദ്യം ചെയ്യൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Tags

Share this story