ഇഡിക്ക് വൻ തിരിച്ചടി: പിണറായിക്കും വീണയ്ക്കുമെതിരായ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത

ED കർത്ത

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) വൻ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരായ മൊഴി സിഎംആർഎൽ എംഡി ശശിധരൻ കർത്തയും പിൻവലിച്ചു.

പാർക്കിൻസൺസ് രോഗബാധിതനായി കിടപ്പിലായ കർത്തയെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും മൊഴിയിൽ വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ എൻ. അജിത്ത് ഇഡി ഡയറക്ടർക്ക് പിൻവലിക്കൽ പ്രസ്താവന അയച്ചു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഈ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കിനും ടി. വീണയ്ക്കും പണം നൽകിയത് യാതൊരുവിധ സേവനങ്ങളുടെയും അടിസ്ഥാനത്തിലല്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു ഇഡിയുടെ വാദം.

സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, കമ്പനി സിഎഫ്ഒ കെ.എസ്. സുരേഷ് കുമാർ, സിജിഎം പി. സുരേഷ് കുമാർ എന്നിവരുടെ മൊഴികളായിരുന്നു കേസിലെ പ്രധാന അടിസ്ഥാനം. എന്നാൽ നേരത്തെ ഉദ്യോഗസ്ഥർ നൽകിയ മൊഴികൾ പിൻവലിച്ചതിന് പിന്നാലെയാണ് ഇപ്പോൾ എം.ഡി ശശിധരൻ കർത്തയുടെ കുടുംബവും മൊഴി പിൻവലിച്ചുകൊണ്ട് ഇ.ഡിക്ക് ഔദ്യോഗികമായി കത്ത് നൽകിയിരിക്കുന്നത്.

ഡിമൻഷ്യ, പാർക്കിൻസൺസ്, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ അസുഖങ്ങൾ ബാധിച്ച് അവശനായ കർത്തയുടെ വീട്ടിൽ 2024 ഏപ്രിൽ 17-നാണ് ഇഡി സംഘം എത്തിയത്. കൃത്യമായി സംസാരിക്കാനോ മറുപടി നൽകാനോ കഴിയാത്ത അവസ്ഥയിലായിരുന്ന അദ്ദേഹത്തെക്കൊണ്ട് ബലമായി വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്ന് സഹോദരൻ ആരോപിക്കുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്റെ രോഗവിവരങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും ഇഡിക്ക് സമർപ്പിച്ചിട്ടുണ്ട്.

Tags

Share this story