ബിജെപിയുടെ അജണ്ടക്ക് അനുസരിച്ച് കേരളത്തെ രൂപപ്പെടുത്തുന്ന ജോലിയാണ് മുഖ്യമന്ത്രിയുടേത്: ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ മുഖ്യമന്ത്രി മാറിമാറി താലോലിക്കുന്നു. വർഗീയതയിൽ ഒന്നാം സ്ഥാനത്ത് എത്തണമെന്ന് വാശിയാണ് മുഖ്യമന്ത്രിക്കുള്ളത്. മാറാട് കലാപത്തിന്റെ മുറിവിൽ വീണ്ടും വീണ്ടും മുളക് തേക്കുന്ന ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
2016 മുതൽ കേരളത്തിൽ ബിജെപിക്ക് കളം പിടിക്കാൻ അവസരം കൊടുത്ത മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് ഇടതു മുന്നണിയുടെ സഹായത്തോടെയായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയത് സിപിഎമ്മാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ബിജെപിയുടെ അജണ്ടക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്തുന്ന ചുമതലയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വർഗീയ വിഭജനം കൊണ്ട് മാത്രമേ 2026ൽ കേരളത്തിൽ പിടിച്ചുനിൽക്കാൻ കഴിയുവെന്ന് മുഖ്യമന്ത്രി ചിന്തിക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സംസാരിച്ചത് സിഎഎയെ കുറിച്ചായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മുഖ്യമന്ത്രി ലൈൻ മാറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
