വടക്കഞ്ചേരിയിൽ ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ലോറി മറിഞ്ഞു; 9 പേർക്ക് പരിക്ക്

വടക്കാൻ

പാലക്കാട്: വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം ദീർഘദൂര സർവീസ് ബസും സി.എൻ.ജി (CNG) ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ലോറി റോഡിലേക്ക് മറിഞ്ഞു. ബസ് ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

​പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തങ്കം ജംഗ്ഷനിൽ നിന്നും സർവീസ് റോഡിലൂടെ വരികയായിരുന്ന ബസും, അടിപ്പാതയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിയുകയും, അതിലുണ്ടായിരുന്ന സിലിണ്ടറുകളിൽ നിന്ന് ഉഗ്രശബ്ദത്തോടെ ഗ്യാസ് പുറത്തേക്ക് ചോരുകയും ചെയ്തു. ഇത് പ്രദേശത്ത് വൻ പരിഭ്രാന്തി പരത്തി.

​വാതക ചോർച്ചയെ തുടർന്ന് ബസ് ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി എന്നിവർക്ക് ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്ന മറ്റ് 7 യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

​വിവരമറിഞ്ഞ് വടക്കഞ്ചേരി അഗ്നിരക്ഷാസേന ഉടനടി സ്ഥലത്തെത്തി വാതക ചോർച്ച നിർവീര്യമാക്കിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags

Share this story