എകെജി സെന്ററിലെ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന പരാതി വ്യാജം; നടന്നത് വാക്കുതർക്കം മാത്രമെന്ന് റിപ്പോർട്ട്

Police

തിരുവനന്തപുരം: എകെജി സെന്ററിലെ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന പരാതി വ്യാജം. ഡ്രൈവർ പി.കെ അനൂപിന് മർദ്ദനമേറ്റിട്ടില്ലെന്ന് എസ്പിയുടെ റിപ്പോർട്ട്. റെയിൽവേ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവറും പൊലീസും തമ്മിൽ ഉണ്ടായത് വാക്കുതർക്കം മാത്രമെന്ന് റിപ്പോർട്ടിൽ. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ പൊലീസുകാർ ആക്രമിച്ചെന്നായിരുന്നു പരാതി. മെയ് 30ന് പിണറായി വിജയനെ വന്ദേഭാരത് ട്രെയിനിൽ കയറ്റി വിടാൻ വൈകിട്ടു നാലോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് അനൂപിന്റെ പരാതിയിൽ പറയുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയൻ എന്നീ പൊലീസുകാർക്കെതിരെ അനൂപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. ‘വണ്ടി എടുത്തു മാറ്റെടാ’ എന്നാക്രോശിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ശരത് എന്ന പൊലീസുകാരൻ കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തുവെന്നാണു പരാതി.

Tags

Share this story