ഡിജിപിക്ക് പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം വിട്ടയച്ചു

രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും വിട്ടയച്ചു. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ പ്രത്യേകത സംഘം വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്.

ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഫസൽ അബ്ബാസിന്‍റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

Tags

Share this story